Kerala
കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവധിക്കരുതെന്ന് പ്രോസിക്യൂഷന്റെ വാദം. എന്നാൽ 21 ദിവസമായി ജയിലിലാണെന്നും ഫോറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമാണ് പ്രിതിഭാഗത്തിന്റെ വാദം.
പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ഈ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക് ജീവനൊടുക്കിയത്.
ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക ശിൽപ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജി.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞെന്നും കുറ്റപത്രം സമർപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പോറ്റി നൽകിയ ജാമ്യഹർജികൾ വിജിലൻസ് കോടതി തള്ളിയിരുന്നു.
മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ്ഐടിയുടെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
അതേസമയം ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. അന്വേഷണ സംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കുണ്ട്. എസ്പി ശശിധരന്റെ നേതൃത്വത്തിലാകും പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്സര് ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് എസ്ഐടി സംഘം സന്നിധാനത്തെത്തിയിരിക്കുന്നത്.
Kerala
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് എംഎൽഎയുടെ വാദം. രാഹുലിന്റെ ജാമ്യഹർജി പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.
അതേസമയം മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തനിക്കെതിരെ കടുത്ത സൈബറാക്രമണം നടക്കുന്നതായും പരാതിക്കാരിയുടെ ഹർജിയിൽ പറയുന്നു.
കേസിൽ തനിക്ക് കൂടുതൽ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനുണ്ടെന്നും പരാതിക്കാരി അറിയിച്ചിട്ടുണ്ട്. ഇന്ന് കക്ഷി ചേരാനുള്ള ആവശ്യം കോടതി പരിഗണിച്ചാൽ അതിജീവിതക്ക് പറയാനുള്ള കാര്യം കോടതിയെ അറിയിക്കാൻ സാധിക്കും.
Kerala
കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് തള്ളിയത്.
നേരത്തേ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശിപാർശ നൽകി എന്നതാണ് എൻ. വാസുവിനെതിരായ കേസ്.
സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.
ഏഴാം പ്രതിയാണ് കെ.എസ്.ബൈജു. 2019ൽ മഹസർ തയാറാക്കുന്ന സമയത്തും പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തു വിട്ട സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രാഹുലിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിൽ രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ 30നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയുടേതാണ് ഉത്തരവ്.
14 ദിവസത്തേക്ക് റിമാൻഡു ചെയ്ത രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റും. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്.
വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങളില്ലെന്നും വാദിച്ചു. എന്നാൽ പേരുവിവരങ്ങൾ ഇല്ലെങ്കിലും അതിജീവിതയെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടർന്ന് കോടതി രാഹുലിനെ റിമാൻഡു ചെയ്യുകയായിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്.
വാസുവിന്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു. മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ.വാസു ചെയ്തത്. അതിനെ ശിപാർശ ചെയ്തുവെന്ന് പറയാനാകില്ല.
വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ.വാസു വിരമിച്ചെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
എന്നാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരി ബാബുവും സുധീഷും എസ്ഐടിക്ക് മൊഴി നൽകിയിരുന്നുവെന്നും പ്രോസിക്യൂഷനും വാദിച്ചു.